Kerala
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലിഞ്ഞത് 15 ജീവനുകൾ. അധികൃതരുടെ അനാസ്ഥയുടെ ഏറ്റവുമൊടുവിലെ ഇരയാകുകയാണ് അനീഷ്.
ഇന്നു പുലർച്ചെ നാലോടെയാണ് ബ്ലോക്ക് 10 ലെ താമസക്കാരനായ അനീഷിനെ (44) കാട്ടാന തുന്പിക്കൈയിൽ ചുറ്റിയെടുത്ത് അടിച്ചു കൊലപ്പെടുത്തിയത്. പ്രാഥമിക ആവശ്യം നിർവഹിക്കുന്നതിന് അനീഷും ഭാര്യ അമ്പിളിയും വീടിന്റെ മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് ആക്രമണം.
മുറ്റത്തിന് സമീപത്തുള്ള പ്ലാവിൽ നിന്നും ചക്ക പറിച്ചു തിന്നുകയായിരുന്ന കാട്ടാന അതിവേഗം രണ്ടാൾക്കും നേരേ തിരിയുകയായിരുന്നു. ഉറക്കച്ചടവിലായിരുന്ന ഇരുവരും എന്തുചെയ്യണമെന്നറിയാതെ ഭയന്നുപോയി. ആനയെ കണ്ട് അമ്പിളി ആദ്യം വീടിനുള്ളിലേക്ക് കയറിയെങ്കിലും ഓടുന്നതിനിടയിൽ കാല് തെന്നി അനീഷിന് വേഗത്തിൽ ഓടി മാറാൻ കഴിഞ്ഞില്ല.
വീടിന്റെ പിൻവശത്തേക്ക് ഓടിയെ അനീഷിനെ പിന്തുടർന്നെത്തിയ ആന പിടികൂടുകയായിരുന്നു. അനീഷിനെ തുന്പിക്കൈയിൽ ചുറ്റിയെടുത്ത് മുൻവശത്ത് എത്തിച്ച് കല്ലിൽ അടിക്കുകയായിരുന്നു. വിവരം അറിഞ്ഞ് പ്രദേശവാസികൾ ചേർന്ന് അനീഷിനെ പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഴയാനയാണ് ആക്രമിച്ചത്.
അനീഷിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി പരിയാരം ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. വെളിമാനം സ്കൂളിലെ വിദ്യാർഥികളായ അനീഷ, ആദികൃഷ്ണൻ എന്നിവർ മക്കളാണ്.
Todays Story
ആനക്കാടായ ആറളം ഫാമിൽ അടച്ചുറപ്പുള്ള വീടിനായി വൃദ്ധ ദന്പതികളുടെ കാത്തിരിപ്പ്. ബ്ലോക്ക് ഒമ്പത് കാളിക്കയത്തെ താമസക്കാരായ കയമന്- ജാനു ദന്പതികളാണ് ജീവൻ പണയംവച്ച് കഴിയുന്നത്.
ആദിവാസികളുടെ പുനരുദ്ധാരണത്തിന് പദ്ധതികളേറെയുണ്ടെങ്കിലും ഒന്നും ആവശ്യക്കാരിലേക്ക് എത്തുന്നില്ലെന്നതിന്റെ തെളിവാണ് 80കാരനായ കയമന്റെയും 65കാരിയായ ജാനുവിന്റെയും ജീവിതം.
രാത്രി പതിവായി ആനകൾ എത്തുന്ന സ്ഥലത്തെ വീടിന് അടച്ചുറപ്പുള്ള വാതിൽ പോലുമില്ല. മൂത്ത മകൻ ഫാമിന് വെളിയിലാണ് താമസം. പെൺമക്കളെ വിവാഹം കഴിച്ചയച്ചതോടെ ദന്പതികൾ മാത്രമായി വീട്ടിൽ. മൺകട്ടകൊണ്ട് നിർമിച്ച വീടിന്റെ പലഭാഗങ്ങളും ഇടിഞ്ഞുവീണു തുടങ്ങി.
ഒട്ടും സുരക്ഷിതമല്ലാത്ത വീടിന് പകുതിയിലധികം മേൽക്കൂരയുമില്ല. അപസ്മാരരോഗിയായ കയമനെ മറ്റ് നിരവധി ആരോഗ്യപ്രശ്നങ്ങളും അലട്ടുന്നുണ്ട്. ജാനുവിന് കാഴ്ചക്കുറവുണ്ട്. വൈകുന്നേരം ആറിനുശേഷം ആനയെ പേടിച്ച് ഇവിടേക്ക് വാഹനങ്ങൾ വരില്ല. വേനൽക്കാലത്ത് കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.
കണിച്ചാറിലെ നാനാനിപ്പൊയിൽ സങ്കേതത്തിൽ നിന്നാണ് കയമനും കുടുംബവും കാളിക്കയത്ത് എത്തുന്നത്. സമീപവാസിയായ മറ്റൊരാളുമായി പരസ്പരസമ്മതത്തോടെ സ്ഥലം വച്ചുമാറുകയായിരുന്നു. എന്നാൽ, പട്ടയ നന്പർ മാറ്റി ലഭിക്കാൻ കയമനും കുടുംബവും കളക്ടറേറ്റ് വരെ പോയെങ്കിലും നടന്നില്ല.
അന്ന് സ്ഥലം വച്ചുമാറിയവരുടെ പേരുകൾ പോലും കുടുംബത്തിന് ഓർമയില്ല. തമ്പായി എന്നോ തങ്കമണി എന്നോ ആയിരുന്നു അവരുടെ പേരെന്നാണ് ജാനു പറയുന്നത്. സ്ഥലം ഉടമയുടെ മകനായ അമ്പാടിയും കുടുംബവും ഇന്നും അവിടെ താമസമുണ്ടെന്നും സ്ഥലം ഉടമ മരിച്ചെന്നുമാണ് ഇവർ പറയുന്നത്.
പട്ടയത്തിന്റെ നമ്പർ മാറ്റി ലഭിക്കാൻ ഇനിയെന്തു ചെയ്യണമെന്നും കുടുംബത്തിനറിയില്ല. അതിനിടെ പട്ടയവും കാണാനില്ലെന്ന് ഇവർ പറയുന്നു. രണ്ടു വർഷം മുമ്പ് അന്നത്തെ ടിആർഡിഎം ഓഫിസറും പ്രമോട്ടറും വീട്ടിലെത്തി നമ്പർ മാറ്റാനായി പട്ടയം വാങ്ങിക്കൊണ്ടു പോയെന്നാണ് കയമൻ പറയുന്നത്.
എന്നാൽ അങ്ങനെ ഒരു പട്ടയത്തെക്കുറിച്ച് അറിയില്ലെന്ന് ടിആർഡിഎം അധികൃതർ പറയുന്നു.
Kerala
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പതിമൂന്ന് 55 ലെ താമസക്കാരായ ചതിരൂർ നൂറ്റിപ്പത്ത് സങ്കേതത്തിലെ കുടുംബങ്ങൾ ഇക്കുറിയും കക്കുവ പുഴക്കരയിൽ കുടിൽ കെട്ടി താമസം തുടങ്ങി. വേനൽ തുടങ്ങുന്നതോടെ 55 ലും 110 സങ്കേതത്തിലുമായി താമസിക്കുന്ന പണിയ വിഭാഗത്തിലെ കുടുംബങ്ങളാണ് പതിവുപോലെ പുഴക്കരയിലേക്ക് എത്തിയത്.
രൂക്ഷമായ കുടിവെള്ള ക്ഷാമവും തലമുറകളായി പിന്തുടരുന്ന ജീവിതരീതിയുമാണ് ഒരു പരിധിവരെ കുടുംബസമേതം ഇവരെ പുഴയോരത്തു താമസിക്കാൻ പ്രേരിപ്പിക്കുന്നത്. മഴയാരംഭിക്കുന്നതോടെ വീടുകളിലേക്ക് തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി. വീടുകളുണ്ടെങ്കിലും വീടിനു പുറത്ത് ഇലാസ്റ്റിക് ഷെഡുകളിൽ അന്തിയുറങ്ങാനാണ് ഇവർക്കു താത്പര്യം.
ആറളം പഞ്ചായത്തിലെ ചതിരൂർ നൂറ്റിപ്പത്തിലെ താമസക്കാരെ ആറളം ഫാമിലേക്കു മാറ്റാൻ ശ്രമം നടന്നുവെങ്കിലും മൂന്നു കുടുംബങ്ങൾ മാത്രമാണു മാറിയത്. ബാക്കിവരുന്ന 25 ഓളം കുടുംബങ്ങൾ നൂറ്റിപ്പത്ത് സങ്കേതത്തിൽ തന്നെയാണു താമസം.
ഒരു വീട്ടിൽ തന്നെ കുടുംബവും ഉപകുടുംബവുമായി കൂട്ടുകുടുംബ വ്യവസ്ഥയ്ക്കു സമാനമായ രീതിയിലാണ് ഇവരുടെ ജീവിതം. ചെറിയ ഒരു വീട്ടിൽത്തന്നെ ഇരുപതിലധികം അംഗങ്ങൾ വരെയുണ്ട്. മഴ മാറുന്നതോടെ നൂറ്റിപ്പത്തിലെയും ബ്ലോക്ക് 13 ലെയും കുടുംബങ്ങളിൽ പലരും ഒത്തുചേർന്നാണ് പുഴയോരത്ത് കുടിൽകെട്ടി താമസിക്കാൻ എത്തുന്നത്.
ഒരു കുടുംബം, 30 അംഗങ്ങൾ
ആറളം ഫാമിൽ പുനരധിവാസം ആരംഭിച്ച് 20 വർഷമാകുമ്പോഴും ഇവിടുത്തെ യഥാർഥ പ്രശ്നങ്ങളെക്കുറിച്ച് ശരിയായ പഠനമോ പ്രശ്നപരിഹാരത്തിനുള്ള നടപടികളോ ഉണ്ടായിട്ടില്ല. പുനരധിവാസത്തിനു തെരഞ്ഞെടുത്ത മേഖലതന്നെ ശരിയല്ലെന്നും ആക്ഷേപമുണ്ട്. നിലവിലെ ഫാംമേഖല പുനരധിവാസത്തിനും വനത്തിനോടു ചേർന്നുകിടക്കുന്ന പ്രദേശം കാർഷികഫാമുമായിട്ടായിരുന്നു നിലനിർത്തേണ്ടിയിരുന്നത്. 20 വർഷം മുന്പ് ഒരു കുടുംബത്തിന് ഒരേക്കർ വീതം ഭൂമി ലഭിച്ചെങ്കിലും ഈ കുടുംബങ്ങൾ ഇന്ന് നിരവധി ഉപകുടുംബങ്ങളായി ഒരേയിടത്താണു ജീവിതം.
പുഴക്കരയിൽ താമസിക്കുന്ന ശോഭ എന്ന സ്ത്രീക്ക് നാല് പെൺകുട്ടികളും രണ്ട് ആൺകുട്ടികളുമായി ആറു മക്കളുണ്ട്. ഇവർ ആറുപേരും വിവാഹം കഴിച്ചെങ്കിലും ശോഭയുടെ വീട്ടിൽത്തന്നെയാണു കഴിയുന്നത്. ഈ കുടുംബത്തിൽ മാത്രം കുട്ടികളുൾപ്പെടെ മുപ്പതിലേറെ അംഗങ്ങളാണുള്ളത്. ആദിവാസികളുടെ പുനരധിവാസം പൂർത്തിയാക്കാനോ ഉപകുടുംബങ്ങളെ പുനരധിവസിപ്പിക്കാനോ നടപടികളുണ്ടാകാത്തതാണ് ഇത്തരം പ്രശ്നങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇതോടെ വീടുകൾക്ക് ചുറ്റും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഇവരുടെ ജീവിതം.
ബാഹ്യശക്തികളുടെ ഇടപെടൽ?
സീസൺ അനുസരിച്ച് ബന്ധുക്കളും അല്ലാത്തവരുമായ നൂറ്റിപ്പത്ത് സങ്കേതത്തിലെ താമസക്കാർ ഇഷ്ടപ്പെട്ട സ്ഥലങ്ങളിൽ താമസിക്കുന്നത് പതിവാണ്. നൂറ്റിപ്പത്തിലെ സ്ഥലം തിരികെ കൊടുത്താൽ ആറളം പുനരധിവാസ മേഖലയിൽ സ്ഥലം നൽകാമെന്ന് ജില്ലാ ഭരണകൂടം സബ് കളക്ടർ കാർത്തിക് പാണിഗ്രഹിയുടെ നേതൃത്വത്തിൽ ഇവരെ അറിയിച്ചിരുന്നു. എന്നാൽ താമസക്കാർ ഭൂരിഭാഗവും ഇതിനു തയാറാകുന്നില്ലെന്നാണ് വിവരം. നൂറ്റിപ്പത്തിലും 55 ലും ചില ബാഹ്യശക്തികളുടെ ഇടപെടൽ നടക്കുന്നതായി പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിട്ടുമുണ്ട്.
Kerala
ഇരിട്ടി: ആറളം ഫാമിൽ കള്ളു ചെത്ത് ജോലിക്കിടെ തൊഴിലാളി മിന്നലേറ്റു മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. ആറളം പുനരധിവാസ മേഖലയിലെ പന്ത്രണ്ടാം ബ്ലോക്കിലെ താമസക്കാരനും ഊരുമൂപ്പനുമായ രാജീവനാണ് (53) മരിച്ചത്. ചെത്തുതൊഴിലാളിയായ ബിനു ഈരായിക്കാണ് (42) പരിക്കേറ്റത്. ഇവർക്കൊപ്പമുണ്ടായിരുന്ന മുഴക്കുന്ന് സ്വദേശി വിജേഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ രാവിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഭവം. കള്ളു ചെത്തിയ ശേഷം തെങ്ങിൽ നിന്നിറങ്ങി മൂവരും നടന്നു പോകുന്നതിനിടെ രാജീവന് മിന്നലേൽക്കുകയായിരുന്നു. മിന്നലേറ്റ് രാജീവൻ തെറിച്ചുവീണു. ഫാമിലുണ്ടായിരുന്ന മറ്റു തൊഴിലാളികൾ രാജീവനെയും ബിനുവിനെയും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാജീവൻ മരിച്ചു.
ബിനുവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാജീവന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റി. ഗീതയാണ് രാജീവന്റെ ഭാര്യ. ഋതുരാഗ്, അജുൽ രാജ് എന്നിവർ മക്കളാണ്.